2011, ജൂൺ 25, ശനിയാഴ്‌ച

എന്റെ അറിവനുഭവങ്ങള്‍......

ജൂണ്‍ 19 വായനാ ദിനം
അന്നെഴുതണമെന്നു വിചാരിച്ചതാണ് ... കഴിഞ്ഞില്ല... ക്ഷമിക്കുക...
കാലം തെറ്റി വന്ന ഒരു കാര്‍മുകിലാണെന്നു കൂട്ടിയാല്‍ മതി...


ഇളകിയ ഓട് പാളികള്‍ക്കിടയില്‍ നിന്നും ഇറ്റു വീണ ജൂണ്‍ മഴയുടെ തുള്ളികള്‍ ക്ലാസ് മുറിയുടെ തറയില്‍ അങ്ങിങ്ങായി ചില ചിത്രങ്ങള്‍ വരച്ചിരുന്നു.. മാനത്തെന്ന പോലെ മനസ്സിലും നിറയെ കാര്‍മേഘങ്ങളാണ്... പുതിയ കുടയും ബാഗും യൂണിഫോമും നല്ല ചന്തമുള്ള ചെരിപ്പുകളും കിട്ടിയപ്പോള്‍ സ്കൂളില്‍ പോകാന്‍ ആശവെച്ചതു ശരി തന്നെ... പക്ഷേ.. എത്ര നേരമാന്നു വെച്ചാ..
വീടിനു ചുറ്റുമുള്ള റബ്ബര്‍ തോട്ടവും കൂട്ടുകാര്‍ക്കും എനിക്കും കയറാന്‍ താഴ്ന്നു നിന്നു തരുന്ന പുളിമരവും
വേലിച്ചെടികളില്‍ നീളമുള്ളവ കുറ്റിയോടെ ഒടിച്ചെടുത്ത് വളച്ചു കെട്ടി ഞാനുണ്ടാക്കാറുള്ള സ്റ്റിയറിംഗും,ഞങ്ങളെ ശ്രദ്ധിക്കതെ മാനത്തേക്കു തലയെറിഞ്ഞു നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കു മാത്രം വശമുള്ള പാലക്കാട് - കോഴിക്കോട് ഒറ്റ വരിപ്പാതയും...നിറഞ്ഞ വലിയ ലോകത്തു നിന്നു കളാസ് മുറിയുടെ ചുവരുകള്‍ക്കകത്തേക്കു പറിച്ചു നടുംബോള്‍... വിശാലമായ മണ്ണില്‍ നിന്നും ഇടുങ്ങിയ ചെടിച്ചട്ടിയിലേക്കു വേരുകള്‍ പോലും ചുരുട്ടി വെക്കേണ്ടുന്ന ഗതികേടിലേക്കു ചുരുങ്ങിയ പൂച്ചെടിയുടെ അസ്വാസ്ഥ്യമായിരുന്നു ഉള്ളില്‍... മാറി മാറി വരുന്ന മാഷമ്മാരും ടീച്ചര്‍മാരും അച്ചടക്കത്തിന്റെ ദണ്ഡ് പ്രയോഗിച്ച് തുടങ്ങിയപ്പോള്‍ (അന്നു ഡി, പി, ഇ,പി ഇല്ലായിരുന്നു ) ഏറെ വിഷമം തോന്നി... വിദ്യാഭ്യാസം ഇത്ര കയ്പ്പേറിയ അനുഭവമാണോ... പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു (രണ്ടാം ക്ലാസുവരെ മാത്രം....) എന്നാണെന്റെ ഓര്‍മ്മ.. വിശ്വാസം മാത്രമല്ല, ചിലപ്പോള്‍ ഓര്‍മ്മകളും രക്ഷക്കെത്തും.. പിന്നീടെപ്പോഴോ ആണ് മാര്‍ക്കിന്റെ ഗ്രാഫ് തളപ്പുപൊട്ടിയ തെങ്ങു കയറ്റക്കാരനെ പോലെ താഴോട്ടു താഴോട്ടു പോരാന്‍ തുടങ്ങിയത്.. പിന്നീടതിനു മുകളിലോട്ടു പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല....
പറയാനിഷ്ടപ്പെടാത്ത വര്‍ത്തമാനം അവിടെ നില്‍ക്കട്ടെ...! ഓര്‍ക്കാനിഷ്ടപ്പെടുന്ന ഭൂതങ്ങളിലേക്കു തന്നെ പോകാം.... അരസങ്ങളുടെ വന്ധ്യമായ രംഗങ്ങള്‍ക്കിടയില്‍ ഒന്നിലാണ് അദ്ദേഹം ക്ലാസിലേക്കു കയറി വന്നതു..!! ഹെഡ് മിസ്ട്രസ് മുറിക്കു മുന്നില്‍ ഇറയില്‍ തൂക്കിയിട്ടിരുന്ന ഏതോ ഒരു വലിയ വാഹനത്തിന്റെ ലീഫിന്റെ കഷ്ണത്തില്‍ കനമുള്ള ഇരുംബ് കംബി കൊണ്ടുള്ള മേട്ടങ്ങളെ ഞങ്ങള്‍ ബെല്ലെന്നാണു വിളിച്ചിരുന്നതു... പിരീഡുമാറ്റങ്ങളെ കുറിക്കുന്ന ആ ബെല്ലടികള്‍ ഞങ്ങളിലെ ശ്വാസോച്വാസങ്ങളെ പോലും നിയന്ത്രിച്ചിരുന്നു എന്നു കാലങ്ങള്‍ക്കിപ്പുറവും ഞാനോര്‍ക്കുന്നു. അത്തരമൊരു ബെല്‍ മണിയുടെ ശബ്ദത്തോടൊപ്പം പുഞ്ചിരി തൂകി ശുഭ്രവസ്ത്രധാരിയായി അന്നദ്ദേഹം ക്ലാസിന്റെ പടികടന്നെത്തിയപ്പോള്‍... ആശ്ചര്യമാണു തോന്നിയതു.... !! അതിനു മുന്‍പ് ഒരുപാടാവര്‍ത്തി അദ്ധേഹത്തെ കണ്ടിരുന്നെങ്കിലും എനിക്കെന്തോ അതുവരയില്ലാത്ത ഒരു പുതുമ തോന്നിയിരുന്നു... തൂവെള്ള വസ്ത്രം ധരിച്ച അബ്ദു മാഷ് !!! അങ്ങിങ്ങു നരകയറിയ തലമുടി വൃത്തിയായി ചീകി വെച്ചിരുന്നു.. അടുത്തെത്തുമ്പോള്‍ അറേബ്യന്‍ അത്തറിന്റെ മണം!! തീരെ മെലിഞ്ഞ്, നന്നേ പതിഞ്ഞ സ്വരമുള്ള അദ്ദേഹമാണ് ... എനിക്ക് അറിവിന്റെ അലിഫും ബാഉം പറഞ്ഞു തന്നത്.... മദീനയിലെ മണല്‍ വിരിച്ച പള്ളിയില്‍ മുത്ത് നബിയും (സ്വ) സ്വഹബത്തും ഒത്തിരുന്നപ്പോള്‍.. തൂവെള്ള വസ്ത്രം ധരിച്ചെത്തിയ ജിബ്രീലിന്റെ വിശേഷണങ്ങള്‍ വായിക്കുമ്പോള്‍, ഇന്നും എന്റെ മനസ്സിലേക്കു വരുന്നതു ആ മുഖമാണ്... ആകാരഭംഗി മാത്രമല്ല എനിക്കദ്ധേഹത്തോടു തോന്നിയ ആരാധനക്കു പിന്നില്‍... അബ്ദുമാഷ് എന്റെ മൂത്താപ്പയുടെ ചങ്ങാതിയായിരുന്നു.... എല്ലാവരും കാക്കു എന്നു ബഹുമാനത്തോടെ വിളിച്ചിരുന്ന എന്റെയും കാക്കു... രണ്ടുപേരും കാഴ്ച്ചയില്‍ ഒരുപോലിരിക്കും.. നീണ്ടു മെലിഞ്ഞ്..... പ്രവാസിയായ പിതാവിന്റെ അസാന്നിധ്യത്തില്‍ എനിക്കു ദിശയും ധിഷണകള്‍ക്കു നിയന്ത്രണങ്ങളും നല്‍കിയതു കാക്കുവായിരുന്നു.... കാക്കുവിനു കുട്ടികളില്ലായിരുന്നു എന്നു പറയാനല്ല, ഞങ്ങളായിരുന്നു കാക്കുവിന്റെ കുട്ടികള്‍ എന്നു പറയാനാണു ഞാന്‍ ഇഷ്ടപ്പെടുന്നതു... എല്ലാവരേക്കാളുമേറെ കാക്കു എന്നെ ഇഷ്ടപ്പെട്ടിരുന്നു... അസുഖമായ ശേഷം കാക്കു എല്ലായ്പ്പോഴും വീട്ടില്‍ കാണും...എന്നും അല്പനേരം എന്നെക്കൊണ്ട് പത്രം വായിപ്പിക്കും... അവധി ദിവസങ്ങളാണെങ്കില്‍ രാവിലെ... അല്ലെങ്കില്‍ സ്കൂള്‍ വിട്ടു വന്നാല്‍... പലതും തിരിച്ചു ചോദിക്കും... അറിയില്ലെന്നു കൈമലര്‍ത്തിയാല്‍ അവധാനതയോടെ പറഞ്ഞു തരും... ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ടാവും എന്റെ കയ്യില്‍.... അതിനൊക്കെ മറുപടി പറഞ്ഞു തരും... എത്ര ചോദിക്കുന്നോ അത്രയും താല്പരമാണു... എല്ലാ കാര്യങ്ങളിലും നല്ല അറിവായിരുന്നു കാക്കുവിന് , ഒരു കാര്യത്തിലൊഴികെ.... ക്രിക്കറ്റ്.. അതില്‍ ഞാനായിരുന്നു കാക്കുവിനേക്കാള്‍: അറിവുള്ളവന്‍ എന്നായിരുന്നു എന്റെ വിശ്വാസം.. എങിനെയാ റണ്ണെടുക്കുക.... സിക്സറടിച്ചാല്‍ ഔട്ടാകുമോ... വികറ്റ് എന്തിനാ മൂന്നെണ്ണം...?? ഇങിനെ ഒരുപാട് ചോദ്യങ്ങള്‍... ഞാന്‍ ആവേശത്തോടെ വികസിതമായ കണ്ണുകളാല്‍ മറുപടി പറയുന്നതു കൌതുകത്തോടെ നോക്കിയിരിക്കും.... ഏറെ വലുതായ ശേഷം കാക്കുവിന്റെ പുസ്തക ശേഖരങ്ങള്‍ അടുക്കിപ്പെറുക്കി വെക്കുമ്പോഴാണ് ജില്ലാ കായികമേളയുടെയും സ്കൂള്‍ കായികമേളയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ കണ്ണില്‍ തടഞ്ഞതു... “എന്റെ അറിവുകളും അംഗീകരിക്കപ്പെടുന്നു” എന്ന ഒരു 4 വയസ്സുകാരന്റെ മാനസിക വളര്‍ച്ചക്കു വേണ്ട പ്രയോഗങ്ങളായിരുന്നു ആ അജ്ഞതകള്‍ എന്ന് ഇന്നു ഞാനറിയുന്നു.....

(തുടരാം)

എ ഫോര്‍ ആപ്പില്‍ മി ഫോര്‍ ഞാന്‍

ഓര്‍മ്മകളില്‍ ചിതലുകള്‍ തിന്നാതെ ബാക്കി വെച്ചതു....
എന്റെ ആത്മപ്രകാശനങ്ങള്‍,,
അപ്രകാശിതനായ ഞാന്‍ അല്ലെങ്കില്‍ അപൂര്‍ണ്ണ പ്രകാശിതനായ ഞാന്‍॥
ഇങ്ങനെ എന്നെ ക്കുറിച്ചും അപൂര്‍ണ്ണമായി ചിലതൊക്കെ,
ചുരുക്കി വിവരിച്ചാല്‍...
“ ഞാനും എന്റെ കുറേ സെല്‍ഫുകളും....”